പഴയ രീതിയിലുള്ള പെൻഷൻ ബുക്ക് ഇപ്പോൾ അനുവദനീയമല്ല. സർക്കാർ ജീവനക്കാരുടെ യും അധ്യാപകരുടെയും, കെഎസ്ആറിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്ന മറ്റു വിഭാഗത്തിലുള്ളവരുടെയും പെൻഷൻ ആനുകൂല്യങ്ങൾ പുതിയ രീതിയനുസരിച്ച് വിരമിക്കുന്നവർതന്നെ ഓണ്‍ലൈൻ സംവിധാനം ഉപയോഗിച്ച് പെൻഷൻ നിർണയം പൂർത്തിയാക്കി ഓണ്‍ലൈനിലൂടെ തന്നെ മേലധികാരിക്ക് സമർപ്പിക്കണം.
പ്രിസത്തിലെ ജീവനക്കാരുടെ ഭാഗം പൂർത്തിയായതിനുശേഷം പ്രിസത്തിൽ ആവശ്യപ്പെടുന്ന രേഖകൾ സഹിതം ഈ പെൻഷൻ ബുക്ക് (പ്രിസത്തിൽനിന്നും പ്രിന്റ് എടുത്തത്) രണ്ടു പകർപ്പും ജീവനക്കാരന്റെ സർവീസ് ബുക്കും സ്ഥാപന മേധാവിയുടെ അംഗീകാരത്തോടെ പെൻഷൻ അനുവാദ മേലധികാരിക്കു സമർപ്പിക്കുക. മേലധികാരി ഇവ ഓണ്‍ലൈനിലൂടെ പരിശോധിച്ചതിനുശേഷം എജിക്കു സമർപ്പിക്കും.
വിരമിക്കുന്ന ജീവനക്കാർ നേരിട്ടുതന്നെയാണ് പ്രിസത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കേണ്ടത്. ഇതിനാവശ്യമായ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ചു കൈവശം വച്ചതിനുശേഷമേ ഓണ്‍ലൈനിലൂടെ പ്രിസത്തിലേക്കു പ്രവേശിക്കാവൂ. എന്തൊക്കെ ശേഖരിക്കണം എന്നുള്ളത് താഴെ പ്രതിപാദിക്കുന്ന വിവിധ ഘട്ടങ്ങളിൽനിന്നും മനസിലാക്കാം. വിരമിക്കുന്ന ജീവനക്കാരന്റെ കുടുംബഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ സ്കാൻ ചെയ്തു ഓണ്‍ലൈനിൽ നൽകണം.
സർവീസിൽനിന്നും വിരമിക്കുന്ന ആൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ എത്രയെന്ന് ഏകദേശം കണക്കാക്കിയതിനുശേഷം ഓണ്‍ലൈനിൽ ചെയ്യുന്നതാണ് ഏറെ ഉത്തമം. ഇങ്ങനെ തയാറാക്കുന്നതുമൂലം ഓണ്‍ലൈനിൽ എന്തെങ്കിലും തെറ്റു സംഭവിച്ചോ എന്നു പരിശോധിക്കാനും സാധിക്കും. വളരെ ശ്രദ്ധയോടെ വേണം ഓണ്‍ലൈനിൽ വിവരങ്ങൾ നൽകാൻ. പ്രിസത്തിൽ ഏതുവിധേനയും തെറ്റു തിരുത്താൻ അവസരമുണ്ട്. പൂർണമായും ചെയ്തതിനുശേഷം പ്രിന്റ് എടുത്ത് വിശദമായി പരിശോധിക്കണം. സമയമെടുത്തു പരിശോധിച്ച് തെറ്റുകൾ വന്നിട്ടില്ല എന്ന് ഉറപ്പു വരുത്തിയതിനുശേഷമേ മേലധികാരിക്ക് ഇവ സബ്മിറ്റ് ചെയ്യാവൂ.
Step 1
prism.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്നു പെൻഷൻ ഫയലിംഗ് എന്ന ഹോം പേജ് കാണും. അതിൽ ലോഗിൻ തെരഞ്ഞെടുക്കുക. അപ്പോൾ ലോഗിൻ/രജിസ്റ്റർ എന്നിങ്ങനെ കാണും. ജീവനക്കാരൻ ആദ്യമായി രജിസ്റ്റർ ചെയ്യുന്പോൾ രജിസ്ട്രേഷൻ എന്നത് തെരഞ്ഞെടുക്കുക.
തുടർന്നു പെൻ നന്പർ, ജനനത്തീയതി (മാതൃക 02-01-1964) എന്നിവ നൽകി check എന്ന ബോക്സ് തെരഞ്ഞെടുക്കുക. അപ്പോൾ വ്യക്തിയുടെ സ്പാർക്കിലെ ഒൗദ്യോഗിക വിവരങ്ങൾ ലഭിക്കും. ഇവയിൽ മൊബൈൽ നന്പർ, ഇ-മെയിൽ അഡ്രസ് എന്നിവ മാറ്റം വേണമെങ്കിൽ No എന്നു കൊടുത്ത് ഇവ രണ്ടും തിരുത്തുക. തുടർന്നു പ്രൊസീഡ് ചെയ്യുക.
Step 2
വ്യക്തിയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി നന്പർ വരും. തുടർന്നു ഒടിപി നൽകി കഴിയുന്പോൾ വ്യക്തിയുടെ സർവീസ് വിവരങ്ങൾ മുഴുവൻ വരും. ഇതിൽ സർവീസിൽ സ്ഥിരമായി പ്രവേശിച്ച തീയതിയും വിരമിക്കുന്ന തീയതിയും നൽകണം.
പ്രസ്തുത പേജിന്റെ അവസാന ഭാഗത്ത് വിരമിക്കുന്ന ആൾ/ഓഫീസ് മേധാവി/ പെൻഷൻ അനുവദിക്കുന്ന ഓഫീസർ / എജി എന്നിവ വരുന്ന അഞ്ചു കോളങ്ങൾ വരും. ആദ്യ ഘട്ടമെന്ന നിലയിൽ വിരമിക്കുന്ന ആൾ എന്ന കോളം മാത്രമേ ടിക് (a) ചെയ്യാവൂ. വേറെയൊരു കോളവും ടിക് ഇടരുത്. തുടർന്നു വ്യക്തിയുടെ ഫോണിൽ യൂസർ ഐഡിയും പാസ് വേഡും ലഭിക്കും.
Step 3
വീണ്ടും പ്രിസം സൈറ്റിൽ പ്രവേശിച്ച് ലോഗിൻ എടുത്ത് വ്യക്തിയുടെ യൂസർനെയിമും പാസ് വേഡും നൽകി പ്രവേശിക്കുന്പോൾ വലതുവശത്ത് മുകളിൽ വിരമിക്കുന്ന വ്യക്തിയുടെ ഫോട്ടോയും പേരും ഇടതുവശത്ത് ജീവനക്കാരൻ എന്നും കാണും. യൂസർ ഗൈഡും ഇതിനോടു ചേർന്നു കാണും. കൂടാതെ വലതു വശത്ത് മുകളിൽ ചുവന്ന മഷിയിൽ പെൻഷൻ ഇ-ഫയലിംഗ് എന്നു കാണും. അത് തെരഞ്ഞെടുക്കുക.
അപ്പോൾ പെൻഷൻ നിർണയ അപേക്ഷ ഒന്‍പതു പേജുകളിലായി പ്രത്യക്ഷപ്പെടും. ഒരു സമയം ഒരു പേജ് മാത്രമേ കാണുവാൻ സാധിക്കൂ. ഈ പേജുകൾ സൂചിപ്പിക്കുന്ന 1, 2, 3 ബാർ കോഡുകൾ നമുക്ക് കാണാം. അവസാനം end എന്ന കോളവും. എല്ലാ പേജും ഇഷ്ടാനുസരണം തുറന്നു നോക്കാൻ സാധിക്കുകയില്ല. ഒന്നുമുതൽ ഒന്‍പതു വരെ പേജുകൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ പിന്നെ ഏതു പേജും നമുക്കു പരിശോധിക്കാം. ആദ്യം ഒന്നാം പേജ് ബാർ കോഡിൽ തെര ഞ്ഞെടുക്കുക.
Page-1
വ്യക്തിയുടെ ഒൗദ്യോഗിക വിവരങ്ങൾ ആ പേജിൽ കാണാം. കൂടാതെ മൊബൈൽ നന്പർ, ലാൻഡ് ഫോണ്‍ നന്പർ (നിർബന്ധമല്ല), ഇ-മെയിൽ വിലാസം, പാൻനന്പർ/ആധാർ നന്പർ എന്നിവ ചേർക്കുക. ലാൻഡ് ഫോണ്‍ നന്പർ ഒഴിച്ച് ബാക്കി എല്ലാം കോളങ്ങളും നിർബന്ധമായും പൂരിപ്പിച്ചുവേണം മുന്നോട്ടു പോകാൻ. സർവീസിൽ കയറിയ തീയതി, വിരമിക്കൽ തീയതി, സൂപ്പർ ആനുവേഷൻ തീയതി എന്നിവയും കൃത്യമായി ചേർക്കണം. മറ്റ് പെൻഷൻ വല്ലതും കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം Yes /No. തുടർന്നു പ്രൊസീഡ്.
Page-2
വ്യക്തിയുടെ കുടുംബത്തെ സംബന്ധിച്ചിള്ള വിവരങ്ങൾ നൽകുക. കൂടാതെ ലൈഫ് ടൈം അരിയിഴേസ് (LTA), ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി (ഡിസി ആർജി), ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ വ്യക്തിയുടെ അഭാവത്തിൽ ആർക്ക് നൽകണമെന്നുള്ള നോമിനികളെ നൽകുക. നോമിനികളെ നൽകുന്നവരുടെ പേര്, ജനനത്തീയതി, വ്യക്തിയുമായുള്ള ബന്ധം, എത്ര ശതമാനം വീതം എന്നിവ രേഖപ്പെടുത്തി രണ്ടാം പേജ് പൂർത്തിയാക്കുക.
തെറ്റുകൾ വന്നാൽ തിരുത്താൻ അവസരം ഉണ്ട്. മുഴുവൻ വിവരങ്ങളും കളയണമെങ്കിൽ ഡിലീറ്റ് ബോക്സ് തെരഞ്ഞെടുക്കുക. തിരുത്തുന്പോൾ തിരുത്തു വരുത്തിയതിനുശേഷം സേവ് ചെയ്യുകയും മുകളിൽ പ്രത്യക്ഷപ്പെടുന്ന ബോക്സിൽ ഒാക്കെ നൽകുകയും ചെയ്യണം. തുടർന്നു പ്രൊസീഡ്.
Page-3
വ്യക്തിയുടെയും ഭാര്യ/ഭർത്താവ് എന്നിവർ ഒന്നിച്ചുള്ള ഫോട്ടോ (കുടുംബ ജീവിതമാണെങ്കിൽ), അഞ്ചു വിരലുകളുടെ അടയാളം (തന്പ് ഇംപ്രഷൻ), ഒപ്പ് (മൂന്നെണ്ണം) എന്നിവ സ്കാൻ ചെയ്തു അപ്ഡേറ്റ് ചെയ്യുക. ഇതേ പേജിൽ കമ്യൂട്ടേഷൻ വേണമോ വേണ്ടയോ എന്നുള്ള ചോദ്യം പൂരിപ്പിക്കുക. വേണമെങ്കിൽ ശതമാനവും നൽകുക (പരമാവധി 40%) ഏതു ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമോ ആ ട്രഷറിയുടെ പേര് ഈ പേജിൽ നൽകി പ്രൊസീഡ് കൊടുക്കുക.
Page-4
നാലാം പേജിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകുക. .
Page-5
ഈ പേജിൽ വായ്പകൾ , മുൻകൂർ വായ്പകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ, ബാധ്യതകൾ ഇല്ല എങ്കിൽ പൂജ്യം എന്റർ ചെയുക .
Page-6
അയോഗ്യ സർവീസുകൾ, കൂട്ടി ച്ചേർ ക്കാവുന്ന സർവീസുകൾ, ശൂന്യവേതനാവധികൾ തുടങ്ങിയവ ചേർക്കുക.
Page-7
സർവീസിൽ പ്രവേശിച്ച തീയതി, റിട്ടയർമെന്റ് തീയതി, സൂപ്പർ ആനുവേഷൻ തീയതി എന്നിവ തെളിഞ്ഞു കാണും. ഒന്നാം പേജിൽ കൊടുത്തതാണ് ഈ പേജിൽ വരുന്നത്.(എന്തെങ്കിലും തിരുത്തൽ ഉണ്ടെങ്കിൽ പേജ് 1 തിരുത്തുക ).കൂടാതെ ഈ പേജിൽ ഫാമിലി പെൻഷൻ നിയമങ്ങൾ (കെ എസ്ആർ), ഏതു തരത്തിലുള്ള പെൻഷൻ, ശന്പള പരിഷ്കരണനില (പത്താം ശന്പള കമ്മീഷൻ), സ്കെയിൽ ഓഫ് പേ, വിഭാഗം എന്നിവ നൽകി പ്രൊസീഡ് ചെയ്യുക.
Page-8
പെൻഷൻ നിർണയത്തിന്റെ ഭാഗമായി റിട്ടയർ ചെയ്യുന്ന മാസം മുതൽ പുറകോട്ടു പത്തു മാസം ലഭിച്ച അടിസ്ഥാന ശന്പളം മാത്രം നൽകി പ്രൊസീഡ് ചെയ്യുക.
Page-9
പെൻഷൻ, ഗ്രാറ്റുവിറ്റി (ഡി സിആർജി), ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ എത്രയെന്നു രേഖപ്പെടുന്ന വളരെ പ്രധാനപ്പെട്ട പേജാണ്. മുകളിലെ പേജുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യ സർവീസ് (QS) എത്രയെന്നു രേഖപ്പെടുത്തി വരും. ഇത് ശരിയാണോയെന്നു പരിശോധിക്കണം. തെറ്റുകൾ കടന്നുകൂടിയാൽ മുകളിലെ പേജുകളിലെ വിവരങ്ങൾ വിശകലനം ചെയ്യണം. ഗ്രാറ്റുവിറ്റി (ഡിസി ആർജി) ക്കുവേണ്ടി അവസാന ശന്പളം (Basic Pay + DA), ഫാമിലി പെൻഷനുവേണ്ടി അവസാന മാസത്തെ അടിസ്ഥാന ശന്പളം, കമ്യൂട്ടേഷനുവേണ്ടി കമ്യൂട്ടേഷൻ ഘടകം എന്നിവയും മറ്റു ബാധ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തി മുന്‍പോട്ടു പോകുക. മുകളിൽ കാണിച്ച തുകകൾ ശരിയാണോയെന്ന് യഥാസമയം പരിശോധിച്ച് ഉറപ്പു വരുത്തിയതിനുശേഷമേ പ്രൊസീഡ് നൽകാവൂ.
Step 4
തുടർന്ന് ‘End’ എന്നു രേഖപ്പെടുത്തിയ പേജിലേക്ക് പ്രവേശിക്കുക. View Draft E-Pen sion Book എന്നത് ചുവന്ന നിറമുള്ള കോളത്തിൽ കാണാം. അത് തെരഞ്ഞെടുത്ത് പ്രിന്റ് എടുക്കുക. തുടർന്നു മുകളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് Yes/No ചോദിക്കുന്നുണ്ട്. ശരിയാണെങ്കിൽ Yes തെരഞ്ഞെടുക്കുന്നു.
തുടർന്നു സത്യപ്രസ്താവന ടിക് ചെയ്ത് വകുപ്പനുസരിച്ചുള്ള മേൽ ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്ത്.. ഇ- സൈൻ കൊടുക്കുന്പോൾ വ്യക്തിയുടെ മൊബൈലിൽ ഒടിപി വരും. ഒടിപി കൊടുത്ത് സബ്മിറ്റ് ചെയ്യുക. അപ്പോൾ പ്രിസത്തിലൂടെയുള്ള പെൻഷൻ അപേക്ഷ സമർപ്പണം പൂർത്തിയാകും.